ബൈക്കില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ മീന്‍ ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ചുകൊല്ലം  ബൈക്കില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ മീന്‍ ലോറിയിടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചാത്തന്നൂര്‍ താഴം വടക്ക് കളിയാക്കുളം സഫ്‌നവില്ലയില്‍ (കുഞ്ചിവീട്ടില്‍) സജീന (48)യാണ് മരിച്ചത്.

ഗുരുതര പരിക്കേറ്റ ഭര്‍ത്താവ് സലിം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ​വെള്ളി പകല്‍ 1.45ന് എസ്‌പി ഓഫീസ് റെയില്‍വേ മേല്‍പ്പാലത്തില്‍ ഡിസിസി ഓഫീസിനു മുന്‍വശത്താണ് അപകടം. തിരുവനന്തപുരത്ത് മീന്‍ ഇറക്കിയശേഷം പാരിപ്പള്ളിയിലെ ഐസ് പ്ലാന്റില്‍നിന്ന് ഐസുമായി കോളേജ് ജങ്ഷന്‍ ഭാഗത്തുനിന്ന് വാടി കടപ്പുറത്തേക്കുവന്ന ലോറിയാണ് ഇടിച്ചത്. വേ​ഗത്തില്‍ ബൈക്കിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ സജീന റോഡിലേക്ക് തെറിച്ചുവീണു. ലോറിയുടെ പിന്‍ഭാ​ഗത്തെ ചക്രങ്ങള്‍ തലയില്‍ കയറിയിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.


ലോറി ഡ്രൈവര്‍ അഞ്ചല്‍ സ്വദേശി അനില്‍കുമാറി (47)നെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. സജീനയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ ചാത്തന്നൂര്‍ മുസ്ലിം ജമാഅത്ത് പള്ളിയില്‍. മക്കള്‍: സനോഫര്‍ (ഖത്തര്‍), സനീര്‍, സഫ്‌ന. മരുമകള്‍: സബ്‌നം.

Post a Comment

Previous Post Next Post