മഞ്ചേരിയിൽ കിടക്ക നിർമാണശാലയിൽ വൻ തീപിടിത്തം



 മലപ്പുറം: മഞ്ചേരിയിൽ കിടക്ക നിർമാണശാലയിൽ വൻ തീപിടിത്തം. ഉച്ചക്ക് ഒരു മണിയോടെ ചെരണിയിലെ റെക്സിൻ ഷോപ്പ് ഉൾപ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല

ചെരണി പാലാന്‍തൊടി മുഹമ്മദ് റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഹര്‍ഷ ഫോം, ഭാര്യ സറീനയുടെ സ്ഥാപനമായ ന്യൂ സെഞ്ച്വറി റെക്‌സിന്‍ എന്നീ സ്ഥാപനങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഒരുകോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഇതോടെ നിലമ്ബൂര്‍ മഞ്ചേരി റോഡില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തീപിടിത്ത സമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

തിപീടിച്ചതോടെ വലിയ രീതിയില്‍ കറുത്ത പുകയും ഉയര്‍ന്നു. ചകിരി ഫോം, പോളിസ്റ്റര്‍ സ്റ്റാപ്പിള്‍ ഫൈബര്‍, സിന്തറ്റിക് ഫൈബര്‍, ഫോം ഷീറ്റുകള്‍, വിതരണത്തിനായി ഉപയോഗിക്കുന്ന ഗുഡ്‌സ് ഉള്‍പ്പെടെ കത്തിനശിച്ചു. രാവിലെ റെക്രോണ്‍ ഉള്‍പ്പടെയുള്ള കിടക്ക നിര്‍മ്മാണ ഉത്പന്നങ്ങള്‍ ഹൈദരാബാദില്‍ നിന്ന് എത്തിച്ചിരുന്നു. ഇത് ഗോഡൗണിന് മുമ്ബില്‍ ഇറക്കിയിരുന്നു. ആരെങ്കിലും പുകവലിച്ചതില്‍ നിന്നും ഇതിലേക്ക് തീപടര്‍ന്നെന്നാണ് കരുതുന്നത്. സമീപത്തെ തുണിക്കടയിലെ ജീവനക്കാരാണ് വിവരം ഉടമയെ അറിയിച്ചത്.

കൂടുതല്‍ ഇടങ്ങളിലേക്ക് തീപടര്‍ന്ന് പിടിക്കാതിരിക്കാന്‍ അഗ്‌നിക്കിരയായ സാധനങ്ങള്‍ നീക്കിയിടാന്‍ ശ്രമിച്ചെങ്കിലും അതിവേഗം തീപടര്‍ന്നു. സമീപത്ത് പ്രവര്‍ത്തിക്കുന്ന ചോയ്‌സ് ബസാര്‍ തുണിക്കടയിലും പനോളി ടയര്‍ വീല്‍ അലൈമെന്റ് ഷോറൂമിലേക്കും നേരിയ

രീതിയില്‍ തീപടര്‍ന്നെങ്കിലും വേഗം അണയ്ക്കാനായി. ചോയ്‌സ് ബസാറിലെ മുകളിലെ നിലയിലാണ് തീപടര്‍ന്നത്. ടയര്‍ ഷോപ്പിലെ ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍, ടയര്‍, ഫര്‍ണിച്ചറുകള്‍ എന്നിവയും കത്തിനശിച്ചു. പെരിന്തല്‍മണ്ണ, തിരുവാലി, നിലമ്ബൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ യൂണിറ്റും മഞ്ചേരി, മലപ്പുറം അഗ്‌നിരക്ഷാ സ്റ്റേഷനിലെ രണ്ട് വീതം യൂണിറ്റുകളും എത്തിയാണ് തീയണച്ചത്.


ഫയര്‍ എന്‍ജിനുകളില്‍ ആവശ്യത്തിന് വെള്ളം നിറക്കാതെയാണ് എത്തിയതെന്ന് ആരോപിച്ച്‌ നാട്ടുകാരും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

Post a Comment

Previous Post Next Post