കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; പരിക്കേറ്റ ഒന്‍പത് മാസം പ്രായമായ ഗര്‍ഭിണിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു പാലാ: കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒന്‍പത് മാസം പ്രായമായ ഗര്‍ഭിണിക്ക് അടിയന്തര ശസ്ത്രക്രിയ നല്‍കി കുഞ്ഞിനെ പുറത്തെടുത്തു.

പാലാ-തൊടുപുഴ ഹൈവേയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. തൊടുപുഴ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും എതിര്‍ ദിശയിലെത്തിയ മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.


കാറില്‍ ഉണ്ടായിരുന്ന കരൂര്‍ വെള്ളച്ചാലില്‍ ഷിജോ(36), ഭാര്യ മഞ്ജു(31), ഷിജോയുടെ സഹോദരിയുടെ മക്കളായ അലീന തെരേസ(18), ആഞ്ജലീന(16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന മഞ്ജുവിന് ശസ്ത്രക്രിയ നടത്തി പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


മഞ്ജുവിന്റെ തൊടുപുഴയിലുള്ള വീട്ടില്‍ പോയി മടങ്ങി വരുമ്ബോഴാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും, കാര്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ അരമണിക്കൂറിന് ശേഷമാണ് കാറിലുള്ളവരെ പുറത്തെടുക്കാനായത്. പാലായില്‍ നിന്ന് അഗ്നിശമനസേന എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.


Post a Comment

Previous Post Next Post