തിരുവല്ല കൂട്ടുകാരനുമൊത്ത് കുളിക്കാൻ
ഇറങ്ങിയ 14കാരൻ മണിമലയാറ്റിൽ മുങ്ങി
മരിച്ചു. തുകലശ്ശേരി ഐക്കാട് പ്ലാംന്തറ
താഴ്ച്ചയിൽ പി.എം. അബ്ദുൽ
സലാമിന്റെയും നജീറയുടെയും മകൻ
ആസിഫ് മുഹമ്മദ് ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് നാലരയോടെ
മണിമലയാറ്റിലെ നാറാണത്ത്
കടവിലായിരുന്നു സംഭവം. സ്കൂളിൽ നിന്ന്
വീട്ടിലെത്തിയ ശേഷം സുഹൃത്തായ മാലിക്
മുഹമ്മദ് ഹസ്സിനുമായി ചേർന്ന് കടവിൽ
കുളിക്കാൻ പോവുകയായിരുന്നു. ആസിഫ്
കയത്തിൽ അകപ്പെട്ട് മുങ്ങിത്താഴ്ന്നു.
ഹസ്സിമിന്റെ കരച്ചിൽ കേട്ട് സമീപവാസികൾ
ഓടിയെത്തി തിരച്ചിൽ നടത്തിയെങ്കിലും
കണ്ടെത്താനായില്ല. തുടർന്ന് അഗ്നിരക്ഷാ
സേനയും നാട്ടുകാരും ചേർന്ന് നടത്തിയ
തിരച്ചിലിൽ കടവിൽനിന്നും 50 മീറ്റർ മാറി
മൃതദേഹം കണ്ടെത്തുകയായിരുന്നു.
തിരുവല്ല പൊലീസ് എത്തി നടപടികൾ
സ്വീകരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി
മോർച്ചറിയിലേക്ക് മാറ്റി.
തിരുമൂലപുരം സെന്റ് തോമസ് ഹയർ
സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്
വിദ്യാർഥിയായിരുന്നു.