കെഎസ്ആർടിസി ബസിന് മുന്നിലേക്ക് കാർ ഇടിച്ചുകയറി…യാത്രക്കാരി മരിച്ചു



ആലപ്പുഴ: ദേശീയപാതയില്‍ പാതിരപ്പള്ളി ജംഗ്ഷന് സമീപം കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയായ വയോധിക മരിച്ചു. മാവേലിക്കര ചുനക്കരയിലെ കുടുംബവീട്ടിലേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍. മലപ്പുറം പുളിക്കല്‍ ശ്രീരാഗം വീട്ടില്‍ രാധമ്മയാണ് (74) മരിച്ചത്. കാറിലുണ്ടായിരുന്ന മകള്‍ ജയശ്രി, ഭര്‍ത്താവ് രാജീവ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ജയശ്രീയെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലും രാജീവിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാജീവാണ് കാര്‍ ഓടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെപാതിരപ്പള്ളി ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. ആലപ്പുഴ ഡിപ്പോയില്‍ നിന്നും ചേര്‍ത്തലയിലേയ്ക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍ഭാഗത്തേക്ക് വടക്ക് ഭാഗത്ത് നിന്നും നീയന്ത്രണം വിട്ട് വന്ന ഇന്നോവ കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും രാധമ്മ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരുമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ആലപ്പുഴ നോര്‍ത്ത് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

Post a Comment

Previous Post Next Post