കാര്‍ മറിഞ്ഞു വയോധികന്‍ മരിച്ചു; നാലു പേര്‍ക്ക് പരിക്ക്മലപ്പുറം എടക്കര: ചാത്തംമുണ്ട സുല്‍ത്താന്‍പടിയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു വയോധികന്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു.

നെട്ടിക്കുളത്തെ മുന്‍ വ്യാപാരി കുട്ടംകുളം പള്ളിക്കതൊടി കുട്ടന്‍ (79) ആണ് മരിച്ചത്. കുട്ടന്‍റെ ഭാര്യ ലക്ഷ്മി(74), മകള്‍ ശ്രീനിമോള്‍ (45), മകന്‍റെ ഭാര്യ പ്രീതി(40), ഇവരുടെ മകള്‍ അഞ്ജലി (16)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലക്ഷ്മിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അഞ്ജലിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രീതി, ശ്രീനിമോള്‍ എന്നിവര്‍ നിലന്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 


കുട്ടന്‍റെ മകന്‍ മുരളിയാണ് കാര്‍ ഓടിച്ചിരുന്നത്. ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്നോടെ പൂക്കോട്ടുമണ്ണ പോത്തുകല്ല് റോഡിലെസുത്താന്‍പടി എസ്‌സി കോളനിക്ക് സമീപമാണ് അപകടം. നിലന്പൂരില്‍ ബന്ധുവിന്‍റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തു പോത്തുകല്‍ കുട്ടംകുളത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞു റബര്‍ മരത്തില്‍ ഇടിച്ചു  നില്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും കോളനിയിലെ യുവാക്കളുമാണ് അപകടത്തില്‍പ്പെട്ടവരെ കാറില്‍ നിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. മറ്റ് മക്കള്‍: രാമാനുജന്‍, വിശ്വനാഥന്‍ (പോത്തുകല്ല് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്‍റ് സഹകരണ സംഘം സെക്രട്ടറി), ഗീതാകുമാരി. മരുമക്കള്‍. ഉമാദേവി, പ്രീതി, പ്രദിപ് കുമാര്‍, റീജ.

Post a Comment

Previous Post Next Post