മത്സ്യം കയറ്റി വന്ന മിനി ലോറിയും കാറും കാറും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു 5 പേർക്കു പരുക്കേറ്റു. പരിക്കേറ്റ ആളെ കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു



എംസി റോഡിൽ മത്സ്യം കയറ്റി വന്ന മിനി ഫ്രീസർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികയായ കർണാടക സ്വദേശിനി മരിച്ചു. 5 പേർക്കു പരുക്കേറ്റു. കർണാടക ഷഹാപൂർ യാദാഗിരിയിൽ ഗീതാഞ്ജലിയാണ് (45) മരിച്ചത്.സാരമായി പരുക്കേറ്റ ഗീതാഞ്ജലിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നു തിരുവനന്തപുരത്തേക്കു കൊണ്ടു പോകുന്നതിനിടെ ഇവരെ കയറ്റിയ ആംബുലൻസ് അപകടം നടന്ന വയയ്ക്കൽ ജംക്‌ഷനിൽ വീണ്ടും അപകടത്തിൽപ്പെട്ടു. ഇവരെ പിന്നീട് മറ്റൊരു ആംബുലൻസിലാണ് തിരുവനന്തപുരത്തേക്കു കൊണ്ടു പോയത്.കാർ യാത്രികരായ കർണാടക യാദാഗിരി ഷാഹാപൂർ ഇത്താഗ നമ്പർ 115 ൽ നിജാബുനയ്യ സ്വാമി ഹിർമാത്ത് (82), ഭാര്യ ദാനമ്മ (78), മരിച്ച ഗീതാഞ്ജലിയുടെ മകൾ ഐശ്വര്യ (24), തൃശൂർ സ്വദേശി ഷിബു, ഫ്രീസർ ലോറിയിലെ സഹായി ആലപ്പുഴ പുന്നപ്ര സ്വദേശി നൗഷാദ് (58) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ ഐശ്വര്യ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലും ബാക്കിയുള്ളവർ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ 12 ന് എംസി റോഡിൽ വയയ്ക്കൽ ജംക്‌ഷനിലായിരുന്നു അപകടം. നേർക്കുനേർ ഉള്ള ഇടിയിൽ ഇരുവാഹനങ്ങളും പൂർണമായും തകർന്നു. കൊട്ടാരക്കര ഭാഗത്തേക്കു പോയ കർണാടക റജിസ്ട്രേഷനിലുള്ള കാറും ചടയമംഗലം ഭാഗത്തേക്കു മത്സ്യവുമായി വന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ മിനിലോറി റോഡിന്റെ വശത്തേക്കു മറിഞ്ഞു. ഇതിൽ നിന്നുള്ള ഓയിൽ, ഡീസൽ എന്നിവ റോഡിൽ പരന്നു. പൂർണമായും തകർന്ന കാറിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടു മുൻവാതിൽ പൊളിച്ചാണു പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻചക്രങ്ങളും കാറിന്റെ മുൻവശത്തെ ടയറും ഊരിത്തെറിച്ചു. മത്സ്യം മറ്റൊരു വാഹനത്തിലേക്കു മാറ്റിയ ശേഷമാണ് ലോറി ഉയർത്തിയത്. അപകട സ്ഥലത്തെത്തിയ വാളകം എയ്ഡ് പോസ്റ്റ് പൊലീസും നാട്ടുകാരും രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. അപകടത്തെ തുടർന്ന് റോഡിൽ നിരന്ന ഓയിൽ, ഡീസൽ എന്നിവ കൊട്ടാരക്കരയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേന വെള്ളം പമ്പു ചെയ്തു വൃത്തിയാക്കി. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post