തൃശ്ശൂർ ചാലക്കുടി: അന്നനാട്ടിൽ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടയിൽ പത്തടി ഉയരമുള്ള മതിൽ ഇടിഞ്ഞ് വീണ് 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും നാല് പേരെ ചാലക്കുടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരുടേയും നില ഗുരുതരമല്ല. മിനിറ്റുകളുടെ വ്യത്യാസത്തിൽ ഒഴിവായത് വലിയ അപകടമാണ്. പെരുമ്പാവൂർ സ്വദേശി കണ്ടമതി കൃഷ്ണന്റെ ഭാര്യ ഗീത (45), കാട്ടൂർ താനിയത് രവിയുടെ ഭാര്യ മിനി (53), തൃശ്ശൂർ പൊക്കര കോരൻകുഴിയിൽ സുബ്രഹ്മണ്യൻ (70), ചാലക്കുടി വിതയത്തിൽ വീട്ടിൽ ലീല (49), നായരങ്ങാടി കോട്ടായി ബിന്ദു (45), നടത്തറ അഞ്ചേരി മള (45), അന്നനാട് പെരുമ്പടതി തങ്ക(69), അന്നനാടമ്മിക്കാടൻ ബിജുവിന്റെ ഭാര്യ മിനി (46), മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്.
അന്നനാട് ഉടുംബുത്തറയിൽ ശങ്കരന്റെ മരണാന്തര ചടങ്ങുകൾ നടക്കുമ്പോഴായിരുന്നു സമീപത്ത് പ്രവർത്തിക്കുന്ന ലീത പാക്കിങ്ങ് കമ്പനിയുടെ പത്തടിയോളം ഉയരത്തിൽ നിന്നിരുന്ന മതിലിന്റെ ഏകദേശം പത്തടിയോളം നീളത്തിൽ ഇടിഞ്ഞു വീണത്. ഹോളോബ്രിക്സിന്റെ സിമന്റ് കട്ട തെറിച്ച് വീണ് നിരവധി പേർക്ക് സാരമായി പരിക്കേറ്റു. മതിലിന്റെ സമീപത്തായി നിന്നവർ കുറെ പേർ ഓടി മാറിയത്തിനാൽ രക്ഷപ്പെട്ടു.
ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. നല്ല ശക്തമായ മഴയായിരുന്നു ഈ സമയത്ത്. പന്തലിൽ മൃതദേഹം പന്തലിൽ കിടത്തി പൂജ ചടങ്ങുകൾ കഴിഞ്ഞ് മൃതദേഹം മുറ്റത്ത്നിന്ന് എടുത്തു മാറ്റിയത്തിന് പിന്നാലെയായിരുന്നു മതിൽ ഇടിഞ്ഞു വീണത്. മൃതദേഹം മാറ്റുന്നതിന് മുൻപായിരുന്നെങ്കിൽ നിലത്തിരുന്ന് കർമ്മങ്ങൾ നടത്തുകയായിരുന്നു ബന്ധുക്കളുടെ തലയിലേക്ക് മതിലിടിഞ്ഞ് വീഴുമായിരുന്നു.
തലനാരിഴക്കാണ് അവരെല്ലാം രക്ഷപ്പെട്ടത്. നിരവധി പ്ലാസ്റ്റിക് കസേരകളും, മേശയും ഒടിഞ്ഞു. സമീപത്തെ കിണറിനും കേടുപാടുകൾ സംഭിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ,പഞ്ചായത്തംഗം രാജേഷ്,വില്ലേജ് ഓഫീസർ മഹേശ്വരി തുടങ്ങിയവർ സ്ഥലത്തെത്തി. നടപടികൾ സ്വീകരിച്ചു.