കാസര്‍കോട് ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കുടുംബത്തിലെ എട്ടുപേര്‍ക്ക് പരിക്ക്, അപകടം തീര്‍ഥാടന യാത്ര കഴിഞ്ഞ് മടങ്ങവെ



കാസര്‍കോട്:ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് പരുക്കേറ്റു.

കാസര്‍കോട്ടെ അബ്ദുല്ലയുടെ ഭാര്യയും മംഗളുരു ബജ്പെ ഹൊസങ്കടി സ്വദേശിനിയുമായ നഫീസ(80)യാണ് മരിച്ചത്.


മടവൂരില്‍ നിന്ന് തീര്‍ഥാടന യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു കാറിലുള്ളവര്‍. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.


മംഗളുരുവിലെ ഉസ്മാന്റെ മകള്‍ തസ്കീന (17), ഫാസില്‍ (27), അബ്ദുല്ലയുടെ മകൻ ഉമറുല്‍ ഫാറൂഖ് (40), ഇസ്മായിലിന്റെ ഭാര്യ സുഹ്‌റ (56) എന്നിവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസ്രാവത്തെത്തുടര്‍ന്ന് സുഹ്‌റയെയും പരുക്ക് ഗുരുതരമായതിനാല്‍ തസ്‌കീനയെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പള്ളിക്കര പൂച്ചക്കാട് തെക്കുപുറത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ 3.40നാണ് അപകടം.

ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പരുക്കേറ്റവരെ മറ്റ് വാഹനയാത്രക്കാരും ഓടിക്കൂടിയ പ്രദേശവാസികളും ചേര്‍ന്ന് കാഞ്ഞങ്ങാട് മൻസൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നഫീസയുടെ ജീവൻ രക്ഷിക്കാനായില്ല. അപകട വിവരമറിഞ്ഞ് ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.


നഫീസയുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. അപകടത്തില്‍ ഇന്നോവ കാര്‍ ഭാഗികമായി തകര്‍ന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യത്തില്‍ നാല് തവണ നിയന്ത്രണം വിട്ടു മലക്കംമറിയുന്ന ദൃശ്യമുണ്ട്. അപകടത്തെത്തുടര്‍ന്ന് ബേക്കല്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post