കാസര്‍കോട് ചെമ്മനാട് മുണ്ടാങ്കുലത്ത് അമിത വേഗതയില്‍ വന്ന മീന്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് ; ഓട്ടോഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്കാസര്‍കോട്: അമിത വേഗതയില്‍ വന്ന മീന്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ ഡിവൈഡറിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോഡ്രൈവര്‍ ചെമ്മനാട് സ്വദേശി സിദ്ദീഖി(42)നാണ് പരിക്കേറ്റത്. മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.45 മണിയോടെ ചെമ്മനാട് മുണ്ടാങ്കുലത്താണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്ത് നിന്ന് അമിതവേഗതയില്‍ വന്ന മീന്‍ ലോറി ഓട്ടോറിക്ഷയുടെ പിറകിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ ഡിവൈഡറിലേക്ക് ഇടിച്ചുകയറി. അപകടത്തിന് ശേഷം മീന്‍ ലോറി നിര്‍ത്താതെ പോയി. സംഭവം കണ്ട കാസര്‍കോട് നഗരത്തിലെ ബദരിയ ഹോട്ടല്‍ മാനേജര്‍ ചെമ്മനാട് സ്വദേശി അല്‍ത്താഫ് സുല്‍ത്താന്‍ എത്തി ഡ്രൈവര്‍ സിദ്ദീഖിനെ ഓട്ടോയില്‍ നിന്ന് പുറത്തെടുക്കുയും നാട്ടുകാരുടെ സഹായത്തോടെ ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തില്‍ ഓട്ടോയുടെ മുന്‍ ഭാഗം തകര്‍ന്നിരുന്നു. അല്‍ത്താഫ് സുല്‍ത്താന്‍ ഉടന്‍ തന്നെ തന്റെ കാറില്‍ മീന്‍ ലോറിയെ പിന്തുടരുകയും അപകടവിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു. ഹൊസങ്കടില്‍ വെച്ച് അല്‍ത്താഫ് സുല്‍ത്താന്‍ കാര്‍ കുറുകെയിട്ട് മീന്‍ ലോറി തടയുകയും ഇക്കാര്യം പൊലീസിനെ ഫോണില്‍ അറിയിക്കുകയും ചെയ്തു. പൊലീസെത്തി മീന്‍ ലോറി കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവറെയും ക്ലീനറെയും പൊലീസ് പിടികൂടി. അപകടം വരുത്തിയ മീന്‍ ലോറി സാഹസികമായി പിടികൂടിയ അല്‍ത്താഫിനെ ചെമ്മനാട് കാരംസ് അക്കാദമി ആദരിച്ചു.

Post a Comment

Previous Post Next Post