കടയ്ക്ക് മുന്നിൽവച്ച് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്തു, ബെംഗളൂരുവിൽ മലയാളി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

 


ബെംഗളൂരു: ബെംഗളൂരു മൈസൂരു റോഡിലെ ഗൗരീപാളയത്ത് മലയാളി യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കണ്ണൂർ ചക്കരക്കൽ സ്വദേശിയും മൈസൂർ റോഡ് ഗൗരിപാളയത്ത് പലചരക്ക് കടയുടമയുമായ അബ്ദുൾ സമദിനാണ് (35) കുത്തേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. സമദിന്റെ കടയ്ക്ക് മുന്നിൽ ആറോളം പേരടങ്ങുന്ന സംഘം എത്തുകയും കടയുടെ പ്രവർത്തനം തടസ്സപ്പെടുന്ന രീതിയിൽ അവിടെ നിന്ന് ബിയർ കഴിക്കാൻ തുടങ്ങുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട സമദ് അവരോട് കടയ്ക്കു മുന്നിൽ നിന്നും മാറാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ പ്രകോപിതരായ സംഘം ബിയർ കുപ്പി പൊട്ടിച്ച ശേഷം സമദിന്റെ മുഖത്തും കൈയിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.


സമദിനെ സാരമായ പരിക്കുകളോടെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


വിവരമറിഞ്ഞെത്തിയ ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകർ സമദിനെ ആശുപത്രിയിൽ എത്തി സന്ദർശിക്കുകയും പോലീസ് നടപടികൾക്ക് വേണ്ട സഹായവും ചെയ്തിട്ടുണ്ട്. ഗൗരീപാളയ പോലീസ് സമദിന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Post a Comment

Previous Post Next Post