മലപ്പുറം: മലയാളി മെര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പലില്‍നിന്നു കാണാതായതായി പരാതി. മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്.
അബുദാബിയിലെ ജബല്‍ധാനയില്‍നിന്ന് മലേഷ്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
ലൈബീരിയൻ എണ്ണക്കപ്പലായ പത്മോസിന്റെ സെക്കന്റ് ഓഫീസറാണ് മനേഷ് കേശവദാസ്. അബുദാബിയില്‍നിന്ന് മലേഷ്യയിലേക്കുള്ള യാത്രാമധ്യേ ഈ മാസം 11നാണ് ഇദ്ദേഹത്തെ കാണാതായത്. പുലര്‍ച്ചെ നാലിന് ഡ്യൂട്ടി കഴിഞ്ഞ ശേഷം വിശ്രമിക്കാനായി പോയതായിരുന്നു മനേഷ് കേശവദാസ്. പിന്നീട് ഇദ്ദേഹത്തെ കണ്ടിട്ടില്ലെന്നും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നുമാണ് കപ്പല്‍ അധികൃതര്‍ കുടുംബത്തെ അറിയിച്ചത്.
കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ബോട്ടുകള്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരും. നിലവില്‍ കപ്പല്‍ അധികൃതരെ ബന്ധപ്പെടാൻ കഴിയാത്തതും കുടുംബത്തെ ആശങ്കയിലാക്കുന്നു. മനേഷിന്റ കുടുംബം കേന്ദ്രസര്‍ക്കാരിലും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.