കാസർകോട് ബദിയഡുക്ക: എലിവിഷം അകത്ത് ചെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോളജ് വിദ്യാര്‍ഥിനി മരണത്തിന് കീഴടങ്ങി.
നാരംപാടിയിലെ മഹാലിംഗ നായിക് - ശാംഭവി ദമ്ബതികളുടെ മകള്‍ അങ്കിത (18) ആണ് മരിച്ചത്. നവംബര്‍ 10ന് വീട്ടില്‍ വെച്ചാണ് എലിവിഷം അകത്ത് ചെന്ന് അങ്കിതയെ അവശ നിലയില്‍ കണ്ടെത്തിയത്.
ഉടൻ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് മരണം സംഭവിച്ചത്. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാതാവിന്റെ ഗൂഗിള്‍ പേ അങ്കിത ഉപയോഗിച്ചതിന് മാതാവുമായി പിണങ്ങിയിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് അങ്കിതയ്ക്ക് മനോവിഷമം ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോസ്റ്റ് മോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. നായ്‌മാര്‍മൂലയിലെ കോളജിലെ പാരാമെഡികല്‍ വിദ്യാര്‍ഥിനിയാണ് അങ്കിത.