മലപ്പുറം നിലമ്പൂർ മമ്പാട് കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതര പരുക്ക്. മമ്പാട് ഓടായിക്കൽ സ്വദേശി ചേർപ്പുകല്ലിൽ സ്വദേശി രാജനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 3:30 ഓടെയായിരുന്നു ആക്രമണം നടന്നത്. ഇയാളുടെ കാല് ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്. രാജനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ മൂന്നരയ്ക്ക് ടാപ്പിംഗ് നടത്തുന്നതിനിടെ അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. ഇരുട്ടായതിനാൽ ആനയുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിച്ചില്ല. പിന്നീട് നാട്ടുകാരെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.
രണ്ട് ദിവസം മുമ്പ് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടിരുന്നു. തമിഴ്നാട് ചിന്നത്തടാകം സ്വദേശി രാജപ്പനാണ് മരിച്ചത്. പുളിയപ്പതിയിൽ ജനവാസ മേഖലയിലായിരുന്നു ഒറ്റയാന്റെ ആക്രമണം.