കടുത്തുരുത്തി: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ഫോട്ടോഗ്രാഫര്‍ മരിച്ചു. ഏറ്റുമാനര്‍-എറണാകുളം റോഡില്‍ കുറുപ്പന്തറ ജങ്ഷനില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം. കാഞ്ഞിരപ്പള്ളി മണ്ണാര്‍ക്കയം പൂണത്തില്‍ വീട്ടില്‍ നിധിന്‍ പി.പ്രകാശ് (23) ആണ് മരിച്ചത്. സഹയാത്രികന്‍ പൊന്‍കുന്നം തലച്ചിറ വീട്ടില്‍ സന്തോഷിന്റെ മകന്‍ കണ്ണന്‍(21) സാരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ചേര്‍ത്തലയില്‍നിന്ന് കാഞ്ഞിരപ്പള്ളിക്ക് പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എറണാകുളത്തുനിന്ന് ചങ്ങനാശ്ശേരിക്ക് പോവുകയായിരുന്ന കാറും കുറുപ്പന്തറ ജങ്ഷനില്‍ കൂട്ടിയിടിക്കുകയായിരുന്നു. ചേര്‍ത്തലയില്‍ കല്യാണത്തിന്റെ ഫോട്ടോ, വീഡിയോ ജോലികള്‍ കഴിഞ്ഞശേഷം തിരിച്ചു പോരുകയായിരുന്ന ഉഴവൂര്‍ ആല്‍ബം ഡിസൈനിങ് സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍മാരായ നിധിനും കണ്ണനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപവാസികളും കാര്‍ യാത്രക്കാരും ചേര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നിധിന്‍ പ്രകാശ് വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് മരിച്ചത്. കടുത്തുരുത്തി പോലീസ് മേല്‍ നടപടി സ്വീകരിച്ചു. പ്രകാശാണ് മരിച്ച നിധിന്റെ പിതാവ്. അമ്മ: മിനി. സഹോദരങ്ങള്‍: നിമിഷ, നിജിഷ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11-ന് വീട്ടുവളപ്പില്‍.
