കോട്ടയം: കിടങ്ങൂരിൽ പടക്കപ്പുരയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പടക്കനിർമ്മാണ കേന്ദ്രത്തിലെ ജീവനക്കാരൻ ഐക്കര സ്വദേശി ജോജിയ്ക്കാണ് പരിക്കേറ്റത്. ജോജിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചേർപ്പുങ്കൽ ചെമ്പിളാവില്‍ വീടിനോട് ചേര്‍ന്നാണ് പടക്കനിര്‍മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ടെറസിന് മുകളില്‍ ഉണങ്ങാനിട്ടിരുന്ന വെടിമരുന്ന്, ഉപ്പ്, തിരി മുതലയാവയാണ് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സ്‌ഫോടനശബ്ദം രണ്ട് കിലോമീറ്റര്‍ അകലെ വരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ആസ്ബറ്റോസ് ഷീറ്റുകള്‍ പരിസരമാകെ ചിതറിത്തെറിച്ചിട്ടുണ്ട്. കുട്ടികളടക്കം കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നപ്പോഴാണ് അപകടം.
അതേസമയം, വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നെങ്കിലും, ഇവിടെ കാലങ്ങളായി പടക്കനിര്‍മ്മാണം നടന്നു വന്നിരുന്നതായാണ് വിവരം. എന്നാല്‍, അനുമതിയില്ലാതെയുള്ള നിര്‍മ്മാണം സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നില്ല. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
