തിരൂരിൽ ഓടികൊണ്ടിരുന്ന ട്രെയിനിന് തീപ്പിടിച്ചു : ആളപായം ഇല്ല


തിരൂർ: ഓടുന്ന ട്രെയിനില്‍ തീപ്പിടുത്തം. എറണാകുളത്തു നിന്നും പുറപ്പെട്ട മംഗള- നിസാമുദ്ധീന്‍ എക്‌സ്പ്രസിലാണ് തീപ്പിടുത്തമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് 4.50 ഓടെയാണ് സംഭവം.


 തിരൂർ റെയിൻവേ സ്റ്റേഷന് ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള മുത്തൂര്‍ വിഷുപ്പാടത്ത് എത്തിയപ്പോഴാണ് ട്രയിനിൻ്റെ അവസാന ബോഗിയായ ലഗേജ് കം ബ്രേക്ക് വാനിൻ്റെ അടിയിൽ നിന്നും വൻതോതിൽ തീയും പുകയുമുയർന്നത്. പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി ബഹളമുണ്ടാക്കി. 


ട്രെയിൻ നിർത്തിയോടെ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ട്രയിനിൽ നിന്നും പുറത്തേക്ക് ചാടി. ട്രെയിൻ എഞ്ചിനീയർ അടക്കമുള്ള ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീയണച്ചു. ആറോളം അഗ്നിശമന ഉപകരണങ്ങളാണ് ഉപയോഗിച്ചത്. തീയണച്ചതിനെ തുടർന്ന് അര മണികൂറിന് ശേഷം 5.20 ഓടെ ട്രെയിൻ സർവീസ് പുനരാരംഭിച്ചു.


ട്രയിനിൻ്റെ ബ്രേക്കര്‍ ജാമായതിനെ തുടര്‍ന്നാണ് തീപ്പൊരി ചിതറി തീപ്പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറി സംശയത്തെ തുടര്‍ന്ന് തിരൂർ ഡി വൈ എസ് പി കെ എം ബിജുവിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം തിരൂർ റെയില്‍വേ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തിരൂർ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിലും പരിശോധന നടത്തിയ ശേഷമാണ് പുറപ്പെട്ടത്.

Post a Comment

Previous Post Next Post