ഉമ്മാന്റെ വീട്ടിൽ വിരുന്നിനെത്തിയ 13 കാരൻ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, മുങ്ങിയെടുത്ത് മുത്തശ്ശൻമലപ്പുറം: മഞ്ചേരിയിൽ പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ കൊച്ചുമകനെ മുങ്ങിയെടുത്ത് രക്ഷിച്ച് മുത്തശ്ശൻ. മഞ്ചേരി പയ്യനാട് പുഴങ്കാവ് കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയെയാണ് മുത്തശ്ശൻ രക്ഷപ്പെടുത്തിയത്. കിഴക്കേത്തല ചോലക്കൽ വീട്ടിൽ അഷ്‌റഫിന്റെ മകൻ മുഹമ്മദ് മുസ്തഫയെയാണ് (13) പുഴയിൽ അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം സംഭവിച്ചത് പന്തല്ലൂരിലെ മാതാവിന്റെ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു കുടുംബം. 


മാതാവിന്റെ ഉപ്പ സൈതലവിയോടൊപ്പം മുഹമ്മദ് മുസ്തഫ വീടിനടുത്തുള്ള പുഴക്കടവിലേക്ക് കുളിക്കാൻ എത്തിയപ്പോഴാണ് അപകടം. മുസ്തഫയുടെ സഹോദരനും ഇവരുടെ കൂടെയുണ്ടായിരുന്നു. കുളിക്കുന്നതിനിടെ പെട്ടന്ന് മുസ്തഫ ഒഴുക്കിൽപ്പെട്ടു. ഉടനെ മുത്തശ്ശനായ സൈതലവി തന്നെ പുഴയിലേക്ക് ചാടി കുട്ടിയെ മുങ്ങിയെടുത്തു. കുട്ടിയെ കരയ്ക്കെത്തിച്ച ശേഷം സൈതലവി കൂവി വിളിച്ച് ആളെകൂട്ടി. തുടർന്ന് കുട്ടിയെ എടുത്ത് കടവിൽ നിന്ന് 250 മീറ്ററോളം മാറി റോഡിലേക്കെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാനായി വാഹനമൊന്നും കിട്ടിയില്ല.ഇതിനിടെ സംഭവം പിലാക്കലിൽ റോഡ് ഉദ്ഘാടനത്തിയ നഗരസഭ ചെയർപേഴ്‌സൻ വി.എം. സുബൈദയുടെ ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭയുടെ വാഹനം വിട്ടുനൽകി. തുടർന്ന് നഗരസഭ ആരോഗ്യസ്ഥിരംസമിതി ചെയർമാൻ റഹീം പുതുക്കൊള്ളിയുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് അതിവേഗം കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന വിദ്യാർഥി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post