കനത്ത മഴ: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം രണ്ട് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്, എട്ട് ഇടത്ത് ഓറഞ്ച് അലർട്ട്


തിരുവനന്തപുരം : കനത്ത മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് ചില ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്. എറണാകുളം തൃശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അതിതീവ്ര മഴ സാധ്യത പ്രഖ്യാപിച്ചത്. പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ. കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്തിന് മത്സ്യബന്ധനത്തിന് പോകരുത്. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴ സാധ്യത തുടരുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്തമണിക്കൂറികളിൽ കൂടുതൽ ശക്തിപ്രാപിക്കും. ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. നാളെയോടെ കേരളത്തിൽ മഴയുടെ ശക്തിയിൽ അല്പം കുറവുണ്ടായേക്കും

സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷം. കോഴിക്കോട് വേനൽമഴയിൽ കനത്ത നാശനഷ്ടമുണ്ടായി. മാവൂർ , പെരുമണ്ണ അന്നശ്ശേരി, മേഖലയിൽ വ്യാപക കൃഷിനാശമുണ്ടായി. ചാലിയാറിൽ ജലനിരപ്പുയർന്നതോടെ, തെങ്ങിലക്കടൽ ആയംകുളം റോഡ് ഇടിഞ്ഞു. പെരുമണ്ണയിൽ നിരവധി വീടുകളിൽ വെളളംകയറിയതിനെത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. നഗരത്തിലുൾപ്പെടെ കഴിഞ്ഞദിവസമുണ്ടായ വെളളക്കെട്ട് ഒഴിഞ്ഞുതുടങ്ങി. കോഴിക്കോട് മെഡി. കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാർഡുകളിൽ ഇന്നലെ രാത്രിയോടെ വെളളംകയറിയെങ്കിലും രാവിലെ പൂർവ്വസ്ഥിതിയിലായി. നിലവിൽ രോഗികളെ ആരെയും മാറ്റിപ്പാർപ്പിച്ചിട്ടില്ല.


വയനാട്ടിലും പാലക്കാട്ടും മഴയുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല. കണ്ണൂരിലും കാസർകോടും ഇന്ന് മഴ മാറിനിൽക്കുകയാണ്. കാസർകോട് ഇന്നലെയുണ്ടായ ഇടിമിന്നലിൽ ഒരാൾ മരിച്ചു. പ്രതികൂല കാലാവസ്ഥ കാരണം കരിപ്പൂരിൽ നിന്നുളള മൂന്ന് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. മലപ്പുറം കാക്കഞ്ചേരിയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് അൽപസമയം ഗതാഗതം വഴിതിരിച്ചുവിട്ടു. മണ്ണ് മാറ്റി നിലവിൽ ഗതാഗതം പുനസ്ഥാപിച്ചു. 



Post a Comment

Previous Post Next Post