വയനാട്ടില്‍ കാട്ടാനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു



 പനമരം (വയനാട്): കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. നടവയൽ ചീരവയൽ പുലയംപറമ്പിൽ ബെന്നി (56) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച പുലർച്ചെ ചീരവയലിലെ വീടിന് സമീപത്തെ നെൽപാടത്ത് ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് ബെന്നിക്ക് പരിക്കേറ്റത്.

കൃഷിയിടത്തിൽനിന്നും തുരത്താൻ ശ്രമിക്കുന്നതിനിടെ കാട്ടാന ബെന്നിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ബെന്നി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടുപന്നികൾ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാൻ ഒരുക്കിയ കമ്പിയിൽ തട്ടി തെറിച്ചുവീണു. അവിടെനിന്നും വീണ്ടും എഴുന്നേറ്റ് ഓടിയാണ് ബെന്നി കാട്ടാനയിൽനിന്നും രക്ഷപ്പെട്ടത്.


കമ്പി കൊണ്ട് ബെന്നിയുടെ കാലിന് സാരമായി മുറിവേറ്റിരുന്നു. ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മുറിവിൽ നിന്നുണ്ടായ അണുബാധയാണ് മരണകാരണം എന്നാണ് ആശുപത്രിയിൽനിന്നും ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post