കണ്ണൂർ: യാത്രക്കാരെ ഇറക്കാനായി തുറന്ന ബസിന്റെ വാതിലിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കല്യാശ്ശേരി വീവേഴ്‌സിലെ മുൻതൊഴിലാളിയും ബക്കളത്തെ വ്യാപാരിയുമായിരുന്ന കടമ്പേരി റോഡിലെ കുന്നിൽ ഹൗസിലെ കെ രാജൻ (77) ആണ് മരിച്ചത്.
ശനിയാഴ്‌ച രാവിലെയാണ് അപകടം. ബക്കളം പാൽസൊസൈറ്റിയിൽ പാൽവാങ്ങാൻ പോയതായിരുന്നു രാജൻ. വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിൽ എത്തിയ സ്വകാര്യ ബസാണ് അപകടത്തിനു ഇടയാക്കിയത്. കാൽനടയാത്രക്കാരനായ രാജൻ ഡോറിടിച്ച് വീണിട്ടും ബസ് നിർത്താതെ പോയി. ബസിന്റെ പിന്നിൽ തളിപറമ്പ് പൊലീസ് കൺട്രോൾ റൂമിന്റെ വാഹനവും ഉണ്ടായിരുന്നു.
അപകടദൃശ്യം കണ്ട പൊലീസുകാർ ബസിനെ പിന്തുടർന്ന് കുറ്റിക്കോലിൽ വച്ച് തടഞ്ഞ് നിർത്തി ബസ് കസ്റ്റിഡിയിലെടുത്തു.
ഇതിനിടയിൽ ഗുരുതരമായി പരിക്കേറ്റ രാജനെ പരിസരവാസികൾ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുമതി. മക്കൾ: സജു, സൂരജ്, പരേതയായ സുജ. മരുമകൾ:ഷീമ. സഹോദരങ്ങൾ: ശ്രീധരൻ, ചന്ദ്രൻ, വത്സലൻ, തങ്കം, ബാലൻ.