പുതുക്കാട് കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കല്ലൂർ പാലയ്ക്കപ്പറമ്പ് സ്വദേശി പാണാത്ര വീട്ടിൽ സുഭാഷിൻറെ മകൻ അഭിജിത്ത് (19) ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി അയ്യപ്പദാസിന് പരിക്കേറ്റു. ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അപകടം. ചാലക്കുടി ഭാഗത്ത് നിന്ന് വന്ന ബസ് സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്നതിനിടെ ആമ്പല്ലൂര്‍ ഭാഗത്ത് നിന്നും ദേശീയപാതയിലൂടെ വന്നിരുന്ന ബൈക്ക് ബസിൽ ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ദേശീയപാതയോരത്തെ ഡ്രൈനേജിന്റെ സ്ലാബില്‍ തലയിടിച്ച് വീണ അഭിജിത്തിനെ ബസ് ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് സ്റ്റാൻ്റിന് മുൻപിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.