കോഴിക്കോട്: താമരശ്ശേരി - ബാലുശ്ശേരി റോഡിൽ ബിഷപ് ഹൗസിനു മുന്നിൽ സ്വകാര്യ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസ്സ് യാത്രികരായ രണ്ടു പേർക്ക് നിസാര പരിക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരിയിൽ നിന്നും നരിക്കുനിയിലേക്ക് പോകുകയായിരുന്ന 'വെസ്റ്റേൺ' ബസ്സും, ബാലുശ്ശേരി ഭാഗത്തു നിന്നും വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ബസ് മുന്നിൽ കണ്ട് ബ്രേക്ക് ചെയ്തപ്പോൾ തന്നെ വാഹനം റോഡിൽ നിയന്ത്രണം വിട്ട് കറങ്ങുകയായിരുന്നുവെന്ന് പിക്കപ്പ് ഡ്രൈവർ അഷറഫ് പറഞ്ഞു. അപകടത്തെ തുടർന്ന് മുക്കത്തുനിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് റോഡിൽ പടർന്ന ഓയിലും ചില്ലുകളും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.
അധികൃതരുടെ അനാസ്ഥ; മനുഷ്യാവകാശ കമ്മീഷൻ ഉത്തരവും കാറ്റിൽപ്പറത്തി
റോഡ് നവീകരണത്തിലെ ഗുരുതരമായ അപാകതകളാണ് ഇവിടെ അപകടങ്ങൾ പെരുകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിൽ വെള്ളവും ഓയിലും കെട്ടിനിൽക്കുന്നത് പതിവായിരിക്കുകയാണ്.
നടപടിയില്ലാതെ കെ.എസ്.ടി.പി: റോഡിന്റെ അപാകതകൾക്ക് ഒരു മാസത്തിനകം അടിയന്തിര പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് വന്ന് 5 മാസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാൻ കരാർ കമ്പനിയോ, മേൽനോട്ട ചുമതലയുള്ള KSTP (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റ്) അധികൃതരോ തയ്യാറായിട്ടില്ല.
കോടികളുടെ പദ്ധതി, നിലവാരമില്ലായ്മ: 228 കോടി രൂപയാണ് ഈ റോഡ് നവീകരണ പ്രവൃത്തിക്കായി സർക്കാർ വകയിരുത്തിയത്. എന്നാൽ ഇത്രയും ഭീമമായ തുക ചെലവഴിച്ചിട്ടും റോഡിന്റെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർക്ക് കഴിയാത്തതിനെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്.
