കൊണ്ടോട്ടി : ഭാര്യയെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. ഐക്കരപ്പടി നിരോലിപ്പാടത്ത് ബ്ളു ബെൽ വീട്ടിൽ താമസിക്കുന്ന ജാസ്മിർ (42) ആണ് ഭാര്യ നാഫ്ത്തിയയെ കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ നാഫ്ത്തിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഭാര്യയുടെ കഴുത്തറത്ത ശേഷം മുങ്ങിയ ജാസ്മിർ തന്നെയാണ് വിവരം പുറത്തറിയിച്ചത്.
വിവരമറിഞ്ഞ് കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ ഹെഡ് ഓഫീസർ എം.സി. പ്രമോദിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ജാസ്മിറിനെ പിടികൂടുകയുമായിരുന്നു. കൃത്യം നടക്കുന്ന സമയം ഇവർ രണ്ടുപേർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രണ്ടുദിവസം മുൻപ് ജാസ്മിർ കുട്ടികളെ കടലുണ്ടിയിലെ തന്റെ വീട്ടിൽ കൊണ്ടാക്കിയിരുന്നു.ഒന്നരവർഷം മുൻപാണ് ജാസ്മിർ വിദേശത്തുനിന്നു വന്നത്. ഭാര്യയെക്കുറിച്ച് ജാസ്മിറിനുണ്ടായ ചില സംശയങ്ങളാണ് കൃത്യത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധിച്ചു. സംഭവത്തിനുശേഷം പോലീസ് വീട് പൂട്ടി കാവൽ ഏർപ്പെടുത്തി.
