തിരുവനന്തപുരം: പാലോട് ബിവറേജസ് കോർപ്പറേഷൻ ഔലെറ്റിന് മുന്നിൽ കാർ ശരീരത്തിലൂടെ കയറിയിറങ്ങി 50 വയസ്സുകാരന് ദാരുണാന്ത്യം. പങ്ങോട് തേക്കുംമൂട് മൂന്ന് സെന്റ് കോളനിയിലെ സുന്ദരൻ ആണ് മരിച്ചത്. കാർ പുറകിലേക്ക് എടുത്തപ്പോൾ നിലത്ത് കിടന്നിരുന്ന സുന്ദരന്റെ മുകളിലൂടെ കാറിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. കാറിലെ യാത്രക്കാർ ബിവറേജസിൽ നിന്ന് മദ്യം വാങ്ങാൻ എത്തിയവരായിരുന്നു. ഔറ്റ് ലറ്റിന് മുന്നിൽ വാഹനം പാർക്ക് ചെയ്താണ് ഇവർ മദ്യം വാങ്ങാൻ പോയത്. തിരികെവന്ന് കാർ പുറകിലേക്ക് എടുത്തപ്പോഴാണ് നിലത്തുകിടന്നിരുന്ന സുന്ദരന്റെ ദേഹത്തുകൂടെ കയറിയിറങ്ങിയത്. ഉടൻതന്നെ നാട്ടുകാർ സുന്ദരനെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനവും കസ്റ്റഡിയിലെടുത്തു.
