കോട്ടയം: പാലാ പൊന്‍കുന്നം റോഡില്‍ കാറുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് രണ്ടുമരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വൈകീട്ട് മൂന്നരയോടെയാണ് സംഭവം. പൈക, അടിമാലി സ്വദേശികളുടെ കാറുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.
ബൈസണ്വാലി വാഴക്കല്ലിങ്കല് നാരായണന്റെ മകന് മണി(65), കുമളി മേട്ടില് വീട്ടില് ഷംല എന്നിവരാണ് മരിച്ചത്.
കാറുകളില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല. എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന കാറുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. അതുവഴി കടന്നുവന്ന സ്വകാര്യബസിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
ഇടിയുടെ ആഘാതത്തില്‍ രണ്ടുകാറുകളുടെയും മുന്‍വശം തകര്‍ന്നുപോയി. മുന്‍വശം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനാപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.