കോഴിക്കോട്: മഴ ശക്തമാകുന്ന സാഹചര്യത്തിൽ മുങ്ങിമരണം തടയുന്നതിന്റെ ഭാഗമായി കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ 18 വയസ്സിൽ താഴെയുള്ളവർ മുതിർന്ന വ്യക്തികളുടെ സാന്നിധ്യത്തിൽ അല്ലാതെ ജലാശയങ്ങളിൽ ഇറങ്ങുന്നത് നിരോധിച്ചതായി കളക്ടർ എൻ.തേജ് ലോഹിത റെഡ്ഡി പറഞ്ഞു നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി പോലീസിന്റെ സഹായം തേടുമെന്നും കളക്ടർ പറഞ്ഞു.
എല്ലാ വിദ്യാഭ്യാസ സ്ഥാപനം മേധാവികളും വിദ്യാർത്ഥികൾക്ക് ആവശ്യമായ ബോധവൽക്കരണം നടത്തണം.തദ്ദേശ സ്ഥാപന മേധാവികൾ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാൻ നടപടികൾ സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് എന്നിവ വഴി സ്കൂളുകളിൽ ആവശ്യമായ ബോധവൽക്കരണം നടത്തണമെന്നും പറഞ്ഞു. സാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കളക്ടർ വിശദീകരിച്ചു.
