ചവറ: ദേശീയപാതയില്‍ കാറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളിലും ഉണ്ടായിരുന്ന ഏഴുപേര്‍ക്ക് പരിക്കേറ്റു.
പന്മന പോരൂക്കരയില് ആണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 12.30 ആയിരുന്നു അപകടം .എറണാകുളത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിരെ വരികയായിരുന്ന ഓട്ടോ ടാക്സിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഓട്ടോ ടാക്സിയില്‍ ഉണ്ടായിരുന്ന കൊയിലാണ്ടി സ്വദേശികളായ ഷിഹാബ് റഹ്മാന് (45) മകന് തസ്മല് (18), കാര്‍ യാത്രികരായ കൊല്ലം കണ്ണന്നല്ലൂര്‍ സ്വദേശികളായ സബീന (44), മകള്‍ ഫാത്തിമ (18), ഫാസിം (22), അഹമ്മദ് ഇമ്രാന് (30), സിനി (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. ഓട്ടോ-ടാക്സിയില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ ചവറ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി വാഹനം ഹൈഡ്രോളിക് യന്ത്രം ഉപയോഗിച്ച് പൊളിച്ചാണ് പുറത്തെടുത്തത്. തുടര്‍ന്ന് ഇവരെ ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സില്‍ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ഓട്ടോ ടാക്സി യാത്രക്കാരുടെ പരിക്ക് ഗുരുതരമായതിനാല്‍ അവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
