നിയന്ത്രണം വിട്ട കാർ ലോറിയിലും മറ്റൊരു കാറിലും ഇടിച്ച് ഒരാൾ മരണപ്പെട്ടു മൂന്നു പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം 

കിളിമാനൂര്‍ ഇരട്ടച്ചിറയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്.

കുളത്തൂര്‍ സ്വദേശി യദു (21)വാണ് മരിച്ചത്. പരിക്കേറ്റ കുളത്തൂര്‍ സ്വദേശികളായ ലിബിന്‍, അനന്തു, ജിതിന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഭാഗത്ത് നിന്ന് കിളിമാനൂരിലേക്ക് അമിത വേഗത്തിലെത്തിയ വോക്സ് വാഗണ്‍ പോളോ കാര്‍ നിയന്ത്രണം തെറ്റി ടിപ്പര്‍ ലോറിയിലിടിക്കുകയായിരുന്നു. അതുവഴി വന്ന ടൊയോട്ട ഗ്ലാന്‍സ കാറിലുമിടിച്ചു. മരിച്ച യദുവും പരിക്കേറ്റവരും പോളോ കാറിലുണ്ടായിരുന്നവരാണ്‌. പിറകിലെ സീറ്റില്‍ ഇരുന്നവര്‍ വാഹനത്തില്‍നിന്നും തെറിച്ച്‌ റോഡിലേക്ക് വീണു. മുന്‍ സീറ്റിലുള്ളവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വെഞ്ഞാറമൂട് അഗ്‌നിശമനസേന സ്റ്റേഷന്‍ ഓഫീസര്‍ എ ടി ജോര്‍ജിന്റെ നേതൃത്വത്തില്‍ നാട്ടുകാരും കിളിമാനൂര്‍ പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

കുളത്തൂര്‍ പുത്തന്‍ വീട്ടില്‍ ജയന്റെയും ഷീമിനയുടെയും മകനാണ്‌ യദു. കെഎഫ്സി ഫുട്ചെയിനിലെ ജീവനക്കാരനായിരുന്നു. സഹോദരന്‍: ഹരി.

Post a Comment

Previous Post Next Post