കൂറ്റന്‍ പാറ കയറ്റിവന്ന ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ക്ലീനര്‍ പരിക്കുകളോടെ ആശുപത്രിയില്‍.പാറശാല

കൂറ്റന്‍ പാറ കയറ്റിവന്ന ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ക്ലീനര്‍ പരിക്കുകളോടെ ആശുപത്രിയില്‍.

പെരുങ്കടവിള മാരായമുട്ടം ആലത്തൂര്‍ തെക്കേ കുഴിവിള സാം സദനത്തില്‍ സാംസുജിന്‍ (42) ആണ് മരിച്ചത്. ക്ലീനര്‍ ആലത്തൂര്‍ കുട്ടകുഴി ജെ എസ് ഭവനില്‍ ജോണിനാണ് (50) പരിക്കേറ്റത്. ഇദ്ദേഹം നെയ്യാറ്റിന്‍കര ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.


തിങ്കള്‍ പകല്‍ പതിനൊന്നോടെ മര്യാപുരം കോണ്‍വെന്റ് സ്കൂളിന് സമീപമാണ്‌ അപകടം. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനുവേണ്ടി കൂറ്റന്‍ പാറയുമായി വരികയായിരുന്ന ലോറിയുടെ മുന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണംവിട്ട ലോറി റോഡിന് സമീപത്തെ സംരക്ഷണഭിത്തി തകര്‍ത്ത് സമീപത്തെ സജികുമാറിന്റെ വീട്ടിലെ മതിലിലിടിച്ച്‌ മറിയുകയായിരുന്നു. ലോറി വലത് ഭാഗത്തേക്ക്‌ മറിഞ്ഞതോടെ ഡ്രൈവര്‍ വാഹനത്തിന്റെ അടിയില്‍ കുടുങ്ങി. തുടര്‍ന്ന് നെയ്യാറ്റിന്‍കര, പാറശാല എന്നിവിടങ്ങളില്‍നിന്ന്‌ അഗ്നിരക്ഷാസേനയും പാറശാല പൊലീസുമെത്തി ലോറിയുടെ മുന്‍ഭാഗം പൊളിച്ചാണ് സാംസുജിനെ പുറത്തെടുത്തത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍. പാറശാലയിലെ സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. സത്യദാസിന്റെ മകനാണ്‌ സാംസുജിന്‍. അമ്മ: ഡെയ്സി. ഭാര്യ: മേരി. മക്കള്‍: സ്നേഹ സാം, ആല്‍വിന്‍ സാം.

Post a Comment

Previous Post Next Post