ബൈക്കിൽ യാത്ര ചെയ്യവേ ഷാൾ ടയറിൽ കുരുങ്ങി റോഡിൽ വീണ വീട്ടമ്മക്ക് ദാരുണ അന്ത്യം
ബൈക്കിൽ യാത്ര ചെയ്യവേ ഷാൾ ടയറിൽ കുരുങ്ങി വീട്ടമ്മ മരിച്ചു. പോത്തൻകോടിനു സമീപം പള്ളിനടയിലുണ്ടായ അപകടത്തിൽ പാങ്ങപ്പാറ തിരുനഗർ ചിറവിള ആയില്യാ ഭവനിൽ ഷീജാ കുമാരി (46) ആണ് മരിച്ചത്. നന്നാട്ടുകാവിൽ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ഷീജാ കുമാരി. മക്കളായ അമൃതാ ചന്ദ്രൻ, അനഘാ ചന്ദ്രൻ എന്നിവർ തൊട്ടുപിന്നാലെ മറ്റൊരു സ്കൂട്ടറിൽ ഉണ്ടായിരുന്നു. ഷീജാ കുമാരിയെ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ് പരേതനായ കർമ്മ ചന്ദ്രൻ നായർ.