ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരനു ഗുരുതര പരുക്ക്.



കോഴിക്കോട് ∙ റൂട്ട് തെറ്റിച്ച് അമിത വേഗത്തിൽ ഓടിയ ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരനു ഗുരുതര പരുക്ക്. ഇന്നലെ വൈകിട്ട് നാലോടെ അശോകപുരം റോഡിൽ ആംബുലൻസ് പാർക്കു ചെയ്യുന്ന സ്ഥലത്തിനു സമീപമുണ്ടായ അപകടത്തിൽ സിവിൽ സ്റ്റേഷനു സമീപം ഇരുപ്പക്കോട്ട് ഇ.നിഖിലിനാണു (38) പരുക്കേറ്റത്. രാജേന്ദ്ര ഹോസ്പിറ്റലിൽ നഴ്സായ ഭാര്യയെ കൂട്ടാൻ ബൈക്കിൽ പോകുകയായിരുന്നു. എതിരെ വന്ന ബസ് ബൈക്കിൽ ഇടിച്ചു.


കോഴിക്കോട് കൂട്ടാലിട റൂട്ടിലോടുന്ന സ്വകാര്യ ബസാണ് റൂട്ട് തെറ്റിച്ച് ഓടി അപകടം വരുത്തിയത്. പുതിയ ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെടുന്ന ബസ് മാനാഞ്ചിറ, നടക്കാവ്, എരഞ്ഞിപ്പാലം വഴിയാണു പോകേണ്ടത്. അതിനു പകരം ബസ് പുതിയ സ്റ്റാൻഡിൽ നിന്നെടുത്തു ശ്മശാനം റോഡ് വഴി അശോകപുരം റോഡിലൂടെ മിനി ബൈപാസ് റോഡിൽ പ്രവേശിച്ചു എരഞ്ഞിപ്പാലം വഴി പോകാനാണു ശ്രമിച്ചത്. അമിത വേഗത്തിലാണു ബസ് വന്നതെന്നു ദൃക്സാക്ഷികൾ പറഞ്ഞ

ബസ് ഇടിച്ചു തെറിച്ച നിഖിൽ ബസിന്റെ മുൻ ഗ്ലാസിലേക്കു വീണു. ഗ്ലാസ് പൂർണമായും തകർന്നു. ആംബുലൻസ് പാർക്കു ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന കൺസോർഷ്യം ഓഫ് ഇന്ത്യൻ ആംബുലൻസ് ഡ്രൈവേഴ്സ് സംസ്ഥാന കമ്മിറ്റി അംഗം ചേളന്നൂർ സ്വദേശി ‘അഭയ’ത്തിൽ കെ.മനോജ് ഉടൻ നിഖിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.


കുട്ടികളെ പറ്റിക്കാൻ റൂട്ട് മാറ്റി ഓട്ടം 


ബസുകൾ റൂട്ട് തെറ്റിച്ച് ഓടുന്നതു സ്കൂൾ കുട്ടികളെ കയറ്റാതിരിക്കാൻ. മലബാർ ക്രിസ്ത്യൻ കോളജ് സ്കൂൾ, പ്രോവിഡൻസ് സ്കൂൾ, നടക്കാവ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെ ഒഴിവാക്കാനാണു ബസുകൾ റൂട്ട് തെറ്റിച്ച് ഓടുന്നതെന്നാണ് ആരോപണം. ശ്മശാനം റോഡ് വഴി കയറിയാൽ ഇത്രയും വിദ്യാർഥികളെ കയറ്റാതെ പോകാം. 


മാത്രമല്ല വൈകിട്ട് നടക്കാവ് ഭാഗത്തുണ്ടാകുന്ന വാഹനത്തിരക്കിൽ നിന്നു രക്ഷപ്പെടുകയും ചെയ്യാം. ബാസ് കാത്തു മാനാഞ്ചിറ, നടക്കാവ് ഭാഗങ്ങളിൽ നിൽക്കുന്നവർ കഷ്ടത്തിലാകും. പെർമിറ്റ് നിബന്ധന തെറ്റിച്ചു സർവീസ് നടത്തുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നു വിദ്യാർഥികളും മറ്റു യാത്രക്കാരും പതിവായി ആവശ്യപ്പെടുന്നതാണ്. 

Post a Comment

Previous Post Next Post