ഇടിച്ച വാഹനം നിറുത്താതെ പോയി : രണ്ടര മണിക്കൂർ രക്തം വാർന്നു റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം



കൊല്ലം; അപകടത്തില്‍ പരുക്കേറ്റ് മണിക്കൂറുകളോളം റോഡില്‍ കിടന്ന യുവാവ് മരിച്ചു. പനയം ചോനം ചിറ പ്രവീണ്‍ നിവാസില്‍ പുഷ്പരാജന്റെ മകന്‍ പ്രവീണ്‍ രാജ് (34) ആണ് മരിച്ചത്.

ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നു വരികയായിരുന്ന പ്രവീണിനെ ഒരു വാഹനം ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. രക്തം വാര്‍ന്ന് മണിക്കൂറുകളോളം റോഡരികില്‍ കിടന്ന പ്രവീണിനെ പിന്നീട് അതുവഴി പോയ വാഹനത്തിലെ യാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


കൊല്ലം - തേനി ദേശീയ പാതയില്‍ കുഴിയത്ത് ജംക്‌ഷനു സമീപം കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പ്രവീണ്‍ രാജ് ജോലി കഴിഞ്ഞ് കുഴിയം ഭാഗത്തു നിന്നു പനയത്തേക്കു നടന്നു വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്നു വാഹനം നിര്‍ത്താതെ പോയി. രക്തം വാര്‍ന്നു റോഡരികില്‍ കിടന്ന പ്രവീണ്‍ രാജിനെ ഒരു മണിയോടു കൂടി അതു വഴിയെത്തിയ മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രക്ഷിക്കാനായില്ല.


പ്രവീണും കുടുംബവും പണയില്‍ ഗവ.ഹൈസ്കൂളിനു സമീപത്തെ വാടക വീട്ടിലാണ് താമസം. അവിവാഹിതനാണ്. അപകടം നടന്നത് ദേശീയപാതയില്‍ പൊലീസ് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറയ്ക്കു മുന്നിലാണെങ്കിലും ക്യാമറ പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനായില്ല. കുണ്ടറ പൊലീസ് റോഡ് വശങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കറുത്ത നിറത്തിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്നാണ് നിഗമനം.

Post a Comment

Previous Post Next Post