റോഡിൽ കിടന്ന ടയറിന് മുകളില്‍ ബൈക്ക് കയറി; മേല്‍പ്പാലത്തില്‍നിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു



ചാലക്കുടി : മേൽപ്പാലത്തിൽ കിടന്ന ടയറിൽ ബൈക്ക് കയറിയതിനെത്തുടർന്ന് സർവീസ് റോഡിലേക്ക്‌ തെറിച്ചുവീണ യാത്രക്കാരൻ മരിച്ചു. മേലൂർ കുന്നപ്പിള്ളി കൈപ്പിള്ളി ഗംഗാധരന്റെ ഏകമകൻ ബാലു കെ. ഗംഗാധരൻ (37) ആണ് മരിച്ചത്.


പോട്ട മേൽപ്പാലത്തിൽ നേരത്തെ കടന്നുപോയ ഏതോ വാഹനത്തിൽനിന്ന് തെറിച്ചുവീണ സ്റ്റെപ്പിനി ടയറാണ് അപകടമുണ്ടാക്കിയത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തൃശ്ശൂരിൽ ചെമ്മണ്ണൂർ ജൂവലറി ജീവനക്കാരനായ ബാലു ജോലികഴിഞ്ഞ് വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. ടയറിൽ കയറിയിറങ്ങിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽനിന്ന്‌ ബാലു പാലത്തിന് താഴേക്ക്‌ വീഴുകയായിരുന്നു. അപകടം കണ്ടവർ ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം വൈകാതെ മരിച്ചു.

സാധാരണ ബസിലാണ് ബാലു മടങ്ങാറുള്ളത്. ഒരു ചടങ്ങിൽ പങ്കെടുക്കാനുണ്ടായിരുന്നതിനാൽ വൈകിയതിനെത്തുടർന്ന് സുഹൃത്തിന്റെ ബൈക്കിൽ യാത്രതിരിക്കുകയായിരുന്നു. ബാലുവിന്റെ അമ്മ: ബീന. ഭാര്യ: പ്രിയങ്ക. മക്കൾ: സൗപർണിക, സാകേത്.

Post a Comment

Previous Post Next Post