തൃശ്ശൂർ എരുമപ്പെട്ടി: പന്നിത്തടം സെന്ററില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകള്‍ക്കും പരുക്കേറ്റു. നീണ്ടൂര്‍ സ്വദേശി തകിടിയില്‍ ജോര്‍ജിനും മകള്‍ ക്രിസ്റ്റീനയ്ക്കുമാണ് പരുക്കേറ്റത്.
കുന്നംകുളത്തുനിന്നു വരികയായിരുന്ന കാര്‍ നീണ്ടൂരില്‍ നിന്നു പന്നിത്തടം കോണ്‍കോഡ് സ്കൂളിലേക്കു പോവുകയായിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ക്രിസ്റ്റീനയെ സ്കൂളിലേക്കു കൊണ്ട് പോകുന്നതിനിടയിലാണ് അപകടം നടന്നത്.
അപകടത്തില്‍ റോഡിലേക്കു തെറിച്ചുവീണ ജോര്‍ജിന്റെ കൈയിലൂടെ കാര്‍ കയറി. വീഴ്ചയില്‍ തലയ്ക്കും കൈയിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാര്‍ അമിത വേഗത്തിലാണു വന്നിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പരുക്കേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ജോര്‍ജിനെ ആദ്യം കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലേക്കും മാറ്റി അടിയന്തര ശസ് ത്രക്രിയയ്ക്കു വിധേയനാക്കി.
