KSRTC ബസ്സ്‌ മിനി ടാങ്കര്‍ ലോറിയില്‍ ഇടിച്ച്‌ മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു.



അങ്കമാലി: തിരുവനന്തപുരം -മൂകാംബിക കെ.എസ്.ആര്‍.ടി.സി ബസ് അങ്കമാലി റെയില്‍വെ സ്റ്റേഷന് സമീപം മിനി ടാങ്കര്‍ ലോറിയില്‍ ഇടിച്ച്‌ മൂന്ന് യാത്രക്കാര്‍ക്ക് നിസാര പരുക്കേറ്റു.

ബസില്‍ 45 ഓളം യാത്രക്കാരുണ്ടായിരുന്നു. ടാങ്കര്‍ തല കീഴായി മറിഞ്ഞു. ജീവനക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

റോഡില്‍ മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റ ബസ് യാത്രക്കാര്‍ക്ക് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. മുഴുവന്‍ യാത്രക്കാരെയും പിന്നീട് മറ്റ് ബസുകളില്‍ യാത്രയാക്കി. തിങ്കളാഴ്ച രാത്രി 9.40 ഓടെയായിരുന്നു അപകടം. മുന്നില്‍ പോയ ടാങ്കര്‍ പൊടുന്നനെ നിര്‍ത്തിയതോടെ പിന്നില്‍ അതിവേഗം വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഇടിച്ച്‌ കയറുകയായിരുന്നു. ബസ് ഭാഗികമായി തകര്‍ന്നു.


അപകടത്തെ തുടര്‍ന്ന് പൊലീസും അഗ്നി രക്ഷസേനയുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരു മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതക്കുരുക്കുണ്ടായി. പിന്നീട് മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കിയത്.

Post a Comment

Previous Post Next Post