അമ്മയും ഇരട്ടക്കുട്ടികളും സഞ്ചരിച്ച സ്കൂട്ടർ കനാലിലേക്ക് വീണ് ഒരു കുട്ടി മരണപ്പെട്ടു



തിരുവനന്തപുരം: ആക്ടീവ സ്കൂട്ടര്‍ കനാലിലേക്ക് വീണ് അമ്മയ്ക്കൊപ്പം സഞ്ചരിച്ച ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം.

പാറശാല ചാരോട്ടുകോണം ചെങ്കവിള റോഡ്, മാറാടി ചെമ്മണ്‍കാലവീട്ടില്‍ സുനില്‍-മഞ്ജു ദമ്ബതികളുടെ മകന്‍ പവിന്‍ സുനില്‍ (5) ആണ് മരിച്ചത്. അമ്മ മഞ്ജുവിനും സഹോദരന്‍ നിവിന്‍ സുനിലിനും പരിക്കേറ്റു. ഇന്നലെ രാവിലെ 9.15ന് ഇരുവരെയും സ്‌കൂളില്‍ കൊണ്ടുപോകാനായി വീടിന് മുന്നിലുള്ള കൈവരിയില്ലാത്ത ചെറിയ പാലം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടറിനടിയില്‍പ്പെട്ട് തല പൊട്ടിയ പവിനെയും മറ്റുള്ളവരെയും ഉടന്‍ പാറശാല താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും പവിന്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.


വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്ബിലിക്കോണം എല്‍.എം.എസ് എല്‍.പി.എസില്‍ യു.കെ.ജി വിദ്യാര്‍ത്ഥികളാണ് ഇരുവരും. മക്കളെ മുന്നിലും പിന്നിലുമിരുത്തി വീടിന്റെ ഗേറ്റ് കടന്ന് പാലത്തിലേക്ക് ഇറങ്ങുന്നതിനിടെയാണ് വാഹനം നിയന്ത്രണംതെറ്റി വെള്ളമില്ലാത്ത നെയ്യാറിന്റെ കനാലിലേക്ക് വീണത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ മൂവരെയും കരയ്‌ക്ക് കയറ്റി ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ നിവിന്‍ സുനിലിന്റെ വലതു കൈക്ക് പൊട്ടലുണ്ട്. മഞ്ജുവിന് കാര്യമായ പരിക്കില്ല. തിരുവോണത്തിന് അവധി കഴിഞ്ഞ് ദുബായിലേക്ക് മടങ്ങിയ പിതാവ് സുനില്‍ ഇന്ന് രാവിലെയെത്തും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാറശാല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വീട്ടിലെത്തിച്ച്‌ സംസ്‌കരിക്കും. പൊഴിയൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post