കൊല്ലം കൊട്ടാരക്കര: ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു.
രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം 7 പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചക്ക് ഒന്നേകാലിന് എം.സി റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട് വച്ചാണ് അപകടമുണ്ടായത്. പാരിപ്പള്ളി കാറ്റാടിമുക്ക് സ്വദേശികളായ ഡോ.ചാം(27), മാതാവ് സുമ(55) , സുമയുടെ സഹോദരി സുധ(57), ബന്ധുക്കളായ അതുല്‍(26), വിഷ്ണു(21), അഖില്‍(26), വേദിക(5) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പിന്നീട് മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
ആരുടെയും നില ഗുരുതരമല്ല. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ചശേഷമാണ് താഴ്ചയുള്ള പുലമണ്‍ തോട്ടിലേക്ക് തലകീഴായി മറിഞ്ഞത്. കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ശബ്ദംകേട്ട് ഓടിക്കൂടിയവര്‍
നിമിഷനേരംകൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തി.
കൊട്ടാരക്കര ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് ശ്രമകരമായി കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ക്രൈയിന്‍ ഉപയോഗിച്ച് കാര്‍ തോട്ടില്‍ നിന്നും ഉയര്‍ത്തി പുറത്തെടുത്തു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
