ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മ മരിച്ചു



ചെറുതോണി : പാചകവാതക സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മ മരിച്ചു. നാരകക്കാനം - പള്ളിക്കവല കുന്പിടിയാന്മാക്കല്‍ പരേതനായ ആന്‍റണിയുടെ ഭാര്യ ചിന്നമ്മയെ (66)ആണ് അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

അപകട സമയത്ത് ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. 


സ്കൂളില്‍ പോയിരുന്ന കൊച്ചുമകള്‍ അനഘ വൈകുന്നേരം 4.30നു വീട്ടിലെത്തുന്പോഴാണ് സംഭവം അറിയുന്നത്. അടുക്കളയില്‍ കത്തിക്കരിഞ്ഞ ശരീരത്തില്‍ അപ്പോഴും തീയും പുകയും ഉയരുന്നുണ്ടായിരുന്നു. നാരകക്കാനം കട്ടിംഗില്‍ ചായക്കട നടത്തുന്ന പിതാവ് ബിനോയിയെ അനഘ വിവരമറിയിക്കുകയായിരുന്നു. ബിനോയി കടയില്‍ നിന്നെത്തി ബഹളം വച്ചപ്പോഴാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്.

മൃതദേഹത്തിനു സമീപം ഗ്യാസ് സിലിണ്ടര്‍ മറിഞ്ഞു കിടന്നിരുന്നതായി സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ പറഞ്ഞു. ഇതില്‍ നിന്നു തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ തീപടര്‍ന്ന് അടുക്കളയില്‍ മറ്റ് നാശനഷ്ടമൊന്നുമുണ്ടായിരുന്നില്ല. തങ്കമണി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പരേത നാരകക്കാനം പന്തേനാല്‍ കുടുംബാംഗമാണ്. മക്കള്‍: ബിനോയി, മിനി, ബിജി. മരുമക്കള്‍: ഷിജി, ജോയി, ബാബു .


Post a Comment

Previous Post Next Post