കൊല്ലത്ത് കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു

 


കൊല്ലം പരവൂര്‍ പാലമുക്കില്‍ കാറിന് തീപിടിച്ച്‌ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. വേളമാനൂര്‍ സ്വദേശി സുധിയാണ് മരിച്ചത്.

തീപിടിച്ചതിന് പിന്നാലെ സ്‌ഫോടനം ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

കാറിന് തീ പിടിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിന്‍റെ കാരണം സംബന്ധിച്ച്‌ അവ്യക്തത.

കാറിനുള്ളില്‍ എങ്ങനെ തീപിടിത്തം ഉണ്ടായി എന്ന കാര്യം അജ്ഞാതമായി തുടരുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ എന്ന നിലപാടിലാണ് പോലീസ്.കാറിന് ഉള്ളില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത്. എന്‍ജിന്‍ ഭാഗത്ത് നിന്നോ ഇന്ധന ടാങ്കില്‍ നിന്നോ തീപടര്‍ന്നതിന്‍റെ ലക്ഷണം ഇല്ല. 


മാധ്യമ പ്രവര്‍ത്തകന്‍ സുധി വേളമാനൂര്‍ ആണ് പൊള്ളലേറ്റ് മരിച്ചത്. ഡ്രൈവറുടെ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചായിരുന്നു ഇരുന്നത്. കാറില്‍ നിന്ന് മൊബൈല്‍ ഫോണും പൊട്ടിയ ചെറിയ കുപ്പിയും പോലീസിന് ലഭിച്ചിട്ടുണ്ട്. മണ്ണെണ്ണയുടെ ഗന്ധവും കാറില്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ വൈകുന്നേരം 4.30 ന് സുധി താമസിക്കുന്ന വീടിന് സമീപത്തെ റോഡിലാണ് സംഭവം. ഇയാള്‍ കാറില്‍ വീട്ടില്‍ നിന്ന് ഇറങ്ങി റോഡിലേക്ക് വരവേയാണ് ഉഗ്രശബ്ദം കേട്ടതെന്ന് പരിസരവാസികള്‍ പറഞ്ഞു. സമീപത്തുള്ളവര്‍ ഓടിയെത്തിയപ്പോള്‍ കാറില്‍ തീപടരുന്നത് കണ്ടു. 


അവര്‍ വെള്ളമൊഴിച്ച്‌ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പിന്നീട് പരവൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് വാഹനം എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും കാര്യമായ പൊള്ളലേറ്റ് സുധിയുടെ മരണം സംഭവിച്ചിരുന്നു. കാറില്‍ നിന്ന് കണ്ടെടുത്ത കുപ്പി പൊട്ടിത്തെറിച്ചാകാം ഉഗ്രശബ്ദം ഉണ്ടായതെന്നാണ് പോലീസ് നിഗമനം.സംഭവം അറിഞ്ഞ് വന്‍ ജനാവലി സ്ഥലത്ത് തടിച്ചു കൂടി. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കാറില്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.

ജീവനൊടുക്കിയതാകണം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കാറില്‍ കയറുന്നതിന് തൊട്ടുമുമ്ബ് സുധി ആരെയോ ഫോണില്‍ വിളിച്ചതായി പറയപ്പെടുന്നു. ഇത് സംബന്ധിച്ച്‌ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ദുരൂഹതയില്ല എന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍.

സുധിയുടെ കാറിന് പുറകെ വന്ന കാറിലുണ്ടായിരുന്ന വ്യക്തി വാഹനം നിര്‍ത്തി കാര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി. പിന്നീട് കാറിന്‍റെ ഗ്ലാസ് അടിച്ച്‌ പൊട്ടിച്ചെങ്കിലും അപ്പോഴേയ്ക്കും തീ ആളിക്കത്തിക്കഴിഞ്ഞിരുന്നു. ജി.എസ്.ജയലാല്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തുകയുണ്ടായി.

Post a Comment

Previous Post Next Post