കുട്ടികള്‍ റോഡ് മുറിച്ചുകടക്കവെ ഓട്ടോ മറിഞ്ഞു; രണ്ട് കുട്ടികൾക്ക് പരിക്ക്



 കുറ്റ്യാടി: വയനാട് റോഡില്‍ കൊടക്കല്‍പള്ളിക്ക് സമീപം ഓട്ടോ മറിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് പരിക്ക്. കൊടക്കാല്‍ ചുണ്ടക്കണ്ടി സമീറിന്റെ മകള്‍ ഫാത്തിമ സജ (10), യാത്രക്കാരനായ ആണ്‍കുട്ടി എന്നിവര്‍ക്കാണ് പരിക്ക്.

രാവിലെ മദ്റസ വിട്ട് റോഡ് മുറിച്ചുകടക്കുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് കുറ്റ്യാടി ഭാഗത്തുനിന്ന് വന്ന ഓട്ടോ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. 


കുട്ടികള്‍ കൂട്ടമായി റോഡ് മുറിച്ചുകടക്കുന്നതും പിന്നിലെ കുട്ടികള്‍ കടക്കുമ്ബോഴേക്കും ഓട്ടോ വരുന്നതും രക്ഷിക്കാന്‍ വെട്ടിച്ചപ്പോള്‍ മറിയുന്നതും പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. മറിയുന്നതിനിടയില്‍ ഓട്ടോ തട്ടി പുറത്തേക്ക് തെറിച്ചതിനാലാണ് ഫാത്തിമ സജ ഉള്ളില്‍പെടാതെ രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വൈകീട്ട് വിട്ടയച്ചു.

ഓട്ടോ വലത്തോട്ട് വെട്ടിച്ചപ്പോള്‍ മുന്നിലുണ്ടായിരുന്ന കുട്ടികള്‍ ഓടിമാറിയതിനാല്‍ അവര്‍ക്ക് പരിക്കേറ്റില്ല. മദ്റസാധ്യാപകരും രക്ഷിതാക്കളും നോക്കിനില്‍ക്കെയാണ് സംഭവമെന്നും പറയുന്നു. ജില്ലാന്തര റോഡായതിനാല്‍ പള്ളിക്കുസമീപം വാഹനങ്ങളുടെ അമിതവേഗം കാരണം അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവിധ അപകടങ്ങളിലായി കാല്‍നട യാത്രക്കാരടക്കം ഏതാനും പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാവുന്നില്ല.


Post a Comment

Previous Post Next Post