വളാഞ്ചേരിയിൽ സിയാറത്ത് യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്കിടിച്ച്‌ മദ്റസാധ്യാപകന്‍ മരിച്ചു




മലപ്പുറം മഞ്ചേരി: സിയാറത്ത് യാത്ര കഴിഞ്ഞ് വിദ്യാര്‍ഥികള്‍ക്കൊപ്പം മടങ്ങുന്നതിനിടെ ബൈക്കിടിച്ച്‌ മദ്റസാധ്യാപകന്‍ മരിച്ചു.

എളങ്കൂര്‍ മഞ്ഞപ്പറ്റ കളത്തിങ്ങല്‍ വീട്ടില്‍ കിഴക്കയില്‍ ഇസ്ഹാഖ് ഫൈസിയാണ് (ചേക്കുട്ടി മുസ്‍ലിയാര്‍-67) മരിച്ചത്. ഞായറാഴ്ച രാത്രി 12.40ന് വളാഞ്ചേരി അത്തിപ്പറ്റയിലാണ് അപകടം.


ഞായറാഴ്ച പുലര്‍ച്ചെ മഞ്ഞപ്പറ്റ ഹയാത്തുല്‍ ഇസ്‍ലാം മദ്റസയില്‍നിന്ന് വിദ്യാര്‍ഥികളുമായി യാത്ര പോയി മടങ്ങിവരുന്നതിനിടെയാണ് അപകടം. അത്തിപ്പറ്റയില്‍ നമസ്കരിക്കാനായി ഇറങ്ങിയതായിരുന്നു അധ്യാപകരും കുട്ടികളും. ബസിറങ്ങി പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ ഇസ്ഹാഖ് ഫൈസിയുടെ പിന്നില്‍ ബൈക്കിടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ നിലയില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

23 വര്‍ഷമായി മഞ്ഞപ്പറ്റ ഹയാത്തുല്‍ ഇസ്‍ലാം മദ്റസയില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ആസിയ (പൂക്കൊളത്തൂര്‍). മക്കള്‍: ഫായിസ്, റസീന, നസീമ, സഹല, സഹ്ജ, ആരിഫ. മരുമക്കള്‍: സക്കീര്‍ ഹുസൈന്‍ (ചെറുകോട്), ജുനൈദ് (വണ്ടൂര്‍), സജീര്‍ (അരീക്കോട്), മുസ്തഫ (മഞ്ചേരി). സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, ആയിശ, ഫാത്തിമ, അബ്ദുല്‍ ഖാദര്‍, അലവിക്കുട്ടി, അലി, അഷ്റഫ്, നാസര്‍, പരേതനായ മുഹമ്മദ്.

Post a Comment

Previous Post Next Post