പന്തളം: എംസി റോഡിൽ പറന്തലിൽ കാറും ലോറിയും കൂട്ടിയിടിച്ച്, നാലു പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ കോട്ടയം കടപ്പൂർ കാപ്പിലോരത്ത് സുധീഷ് (40), കോട്ടയം കാണക്കാരി കിണ്ണംതൊട്ടിയിൽ ലീല (65), ജയ(43), ഏറ്റുമാനൂർ നിരപ്പേൽ രാജമ്മ(55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന ഇവരുടെ കാറും ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ കുരമ്പാല മൈനാപ്പള്ളിൽ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. പന്തളം ഭാഗത്ത് നിന്നു അടൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണം വിട്ടു വശത്തെ ഇടിതാങ്ങിയിൽ ഇടിച്ചാണ് നിന്നത്. കാറിന്റെ മുൻ ഭാഗം തകർന്നു. നിയന്ത്രണം വിട്ട ലോറി റോഡിന്റെ മധ്യഭാഗത്ത് എതിർ ദിശയിലേയ്ക്ക് മറിഞ്ഞു. കർണാടക സ്വദേശിയായ ലോറി ഡ്രൈവർക്കും പരിക്കുണ്ട്. അടൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘവും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.