കാറിനു പിറകില്‍ ടൂറിസ്റ്റ് ബസിടിച്ചു യാത്രക്കാര്‍ക്ക് പരിക്ക്



 മലപ്പുറം  ചങ്ങരംകുളം: വളയംകുളം സെമിഹന്പിനു സമീപത്ത് ബ്രേക്കിട്ട കാറിനു പിറകില്‍ ടൂറിസ്റ്റ് ബസിടിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡരികിലെ വൈദ്യുതി കാലിലേക്കു ഇടിച്ചു കയറിയ കാറിലെ യാത്രക്കാര്‍ക്കു പരിക്കേറ്റു.

നടുവട്ടം സ്വദേശികളായ മിഷാല്‍(33), നിസാര്‍(33), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


കുറ്റിപ്പുറം- തൃശൂര്‍ സംസ്ഥാന പാതയില്‍ വളയംകുളം എംവിഎം സ്കൂളിനു മുന്‍വശത്ത് ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. തൃശൂര്‍ ഭാഗത്തു നിന്നു വന്ന കാര്‍ സെമിഹന്പിന് സമീപം പെട്ടെന്നു ബ്രേക്കിട്ടതോടെ പിറകില്‍ വന്ന 'വിവേകാനന്ദ' ടൂറിസ്റ്റ് ബസിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ തലനാരിഴയ്ക്കു ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടു.

പാതയോരങ്ങളില്‍ വെളിച്ചമില്ലാത്തതും അപകടമേഖലയായ ഇവിടെ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ചിയ്യാനൂര്‍പാടത്തും വളയംകുളത്തും സ്ഥാപിച്ച സെമിഹന്പുകളില്‍ രാത്രിയില്‍ അപകടങ്ങള്‍ പതിവായിട്ടും ഹന്പ് തിരിച്ചറിയാനുള്ള സംവിധാനങ്ങളൊരുക്കാത്തതാണ് അപകടങ്ങളുണ്ടാകുന്നത്. തിരക്കേറിയ പാതയില്‍ ഒരു തെരുവുവിളക്കു പോലും ഇല്ലെന്നും ദിനംപ്രതി ഹന്പിനു സമീപത്ത് ദീര്‍ഘദൂര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന അവസ്ഥയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Post a Comment

Previous Post Next Post