ഗോവ ഗവര്‍ണര്‍ക്ക് യാത്രാസുരക്ഷ ഒരുക്കുന്നതിനിടെ പരപ്പനങ്ങാടിയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചു



മലപ്പുറം പരപ്പനങ്ങാടി: ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ളയുടെ വാഹനം കടന്നുപോകാനുള്ള റോഡ് സുരക്ഷ ഒരുക്കുന്നതിനിടെ നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചു.

പരപ്പനങ്ങാടി കൊടപ്പാളിയിലെ കടലുണ്ടി റോഡിലാണ് സംഭവം. പൊലീസിന്റെ വാഹന പരിശോധനയാണെന്ന് ധരിച്ച ഗുഡ്സ് ഓട്ടോറിക്ഷ പെട്ടെന്ന് വെട്ടിച്ച്‌ തിരിച്ചുപോകാനുള്ള ശ്രമത്തിനിടെയാണ് പിറകിലുണ്ടായിരുന്ന രണ്ടു കാറും ഒരു വാനും തമ്മില്‍ കൂട്ടിയിടിച്ചത്. 


മേപ്പയൂര്‍ കീഴരിയൂരിലെ കളരിനിലത്ത് വീട്ടില്‍ അസീസ്, ചേളാരി സ്വദേശി നൂറുദ്ദീന്‍ എന്നിവരുടെ കാറുകളും എറണാകുളം രജിസ്ട്രേഷനുള്ള വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.അതേസമയം, അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായം തേടിയപ്പോള്‍ പൊലീസ് സഹകരിച്ചില്ലെന്നും തങ്ങള്‍ ഗവര്‍ണറുടെ യാത്രയുമായി ബന്ധപ്പെട്ട വി.ഐ.പി സുരക്ഷ ഡ്യൂട്ടിയിലായിരുന്നെന്നും പറഞ്ഞ് കയ്യൊഴിയുകയായിരുന്നെന്നും

കാറിലുണ്ടായിരുന്ന മേപ്പയൂര്‍ സ്വദേശി കെ.എന്‍. അസീസ് പറഞ്ഞു.


എന്നാല്‍, പരപ്പനങ്ങാടി പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്ന് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ കെ.ജെ. ജിനേഷ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ യാത്രികര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.

Post a Comment

Previous Post Next Post