വിധി കേട്ട പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്നു താഴേക്ക് ചാടി



മലപ്പുറം തിരൂർ :18 വര്‍ഷം തടവുശിക്ഷക്ക് വിധിച്ച പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു.

കോട്ടക്കല്‍ ആട്ടീരി സ്വദേശി പുല്‍പാട്ടില്‍ അബ്ദുള്‍ ജബ്ബാര്‍ (27) ആണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്കുചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.


യുവാവിനെ പരിക്കുകളോടെ പൊലീസ് തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2014-ല്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് മൊബൈലില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ കോട്ടക്കല്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

ശനിയാഴ്ച ഉച്ചക്ക് രണ്ടിനാണ് പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ജഡ്ജി സി.ആര്‍. ദിനേശ് ആയിരുന്നു വിവിധ വകുപ്പുകളില്‍ ശിക്ഷ വിധിച്ചത്. 18 വര്‍ഷം കഠിനതടവിനും 65000 രൂപ പിഴയടക്കാനുമായിരുന്നു വിധി. പിഴയടച്ചില്ലെങ്കില്‍ 20 മാസം കഠിനതടവും അനുഭവിക്കണം.


ശിക്ഷവിധിച്ച ഉടനെ പ്രതി കോടതി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് താഴേക്കുചാടുകയായിരുന്നു. പരിക്കേറ്റ ഇയാള്‍ രക്ഷപ്പെടാനും ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. കോടതിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് തിരൂര്‍ പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.

Post a Comment

Previous Post Next Post