തൃശൂര്‍: ഇരിങ്ങാലക്കുട മാര്‍വെല്‍ ജംഗ്ഷന് സമീപം ലോറിക്കടിയില്‍ പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വ്യാഴാഴ്ച്ച വൈകീട്ട് ആറ് മണിയോടെ ഇരിങ്ങാലക്കുട - തൃശൂര്‍ റോഡില്‍ മാര്‍വെല്‍ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അപടത്തില്‍ ബൈക്ക് യാത്രികനായ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടില്‍ ഫൈസല്‍ (52) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന്റെ ഓഫീസ് സെക്രട്ടറിയാണ് മരിച്ച ഫൈസല്‍.
തൃശൂര്‍ ഭാഗത്തുനിന്ന് ബൈക്കില്‍ വരുകയായിരുന്ന ഫൈസല്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ തട്ടി മറിയുകയായിരുന്നു. ബൈക്കില്‍ നിന്നു വീണ ഫൈസലിന്‍റെ ദേഹത്തുകൂടി തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി കയറുകയായിരുന്നു. അപകടസ്ഥലത്തു വച്ചുതന്നെ ഫൈസല്‍ മരിച്ചു.
ഇരിങ്ങാലക്കുട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍. സംസ്കാരം ഇന്ന് അഞ്ചിന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ: ഷൈലജ. മക്കള്‍: ഫയാസ്, ഫിബിന്‍. മാതാവ്: ഫാത്തിമ ബീവി.