തൃശ്ശൂർ പുതുക്കാട്: സെന്‍ററില്‍ സിഗ്നല്‍ പ്രവര്‍ത്തിക്കാത്തതിനിടെ ദേശീയപാത മുറിച്ചുകടന്ന സ്കൂട്ടറില്‍ ലോറിയിടിച്ച് അപകടം.
സ്കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. നിസാര പരിക്കേറ്റ ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം. കാഞ്ഞൂര്‍ റോഡില്‍നിന്ന് ദേശീപാത കടക്കുന്നതിനിടെ ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന ലോറി ഇടിക്കുകയായിരുന്നു. രാവിലെ മുതല്‍ സിഗ്നല്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ഒട്ടേറെ അപകടങ്ങളാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഗതാഗതം നിയന്ത്രിക്കാന്‍ പോലീസും, ടോള്‍ കന്പനി ജീവനക്കാരും ഇല്ലായിരുന്നു. അപകടത്തില്‍പെടാതെ കഷ്ടിച്ചാണ് വാഹനങ്ങള്‍ കടന്നുപോയത്.
സ്കൂള്‍ വിദ്യാര്‍ഥികളും വഴിയാത്രക്കാരും ഏറെ പ്രയാസപ്പെട്ടാണ് ദേശീയപാത മുറിച്ചുകടന്നത്. രാവിലെ തകരാറിലായ സിഗ്നല്‍ വൈകീട്ടോടെയാണ് പ്രവര്‍ത്തനക്ഷമമായത്. അപകടം നടന്നതിന് ശേഷമാണ് സിഗ്നല്‍ ജംക്ഷനില്‍ പോലീസ് സേവനം ലഭ്യമാക്കിയത്.
