കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച്‌ രണ്ട് പേര്‍ വെന്തുമരിച്ചു




 കണ്ണൂർ നഗരത്തില്‍ ഓടുന്ന കാറിന് തീപിടിച്ച്‌ രണ്ട് പേര്‍ വെന്തുമരിച്ചു. ദമ്ബതികളാണ് മരിച്ചത്.

മരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് മുന്നില്‍ വെച്ചായിരുന്നു കാറിന് തീ പിടിച്ചത്.

പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ. വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് യാത്ര തിരിച്ച ഇവരുടെ കാർ ആശുപത്രിക്ക് 100 മീറ്റർ മാത്രം അകലെവെച്ചാണ് തീപിടിച്ചത്. തീ ആളിപടർന്നതോടെ മുൻവശത്തെ ഡോർ തുറക്കാൻ കഴിയാതിരുന്നതോടെ രക്ഷപ്പെടാനാകാതെ ഇരുവരും അഗ്നിക്കിരയാവുകയായിരുന്നു. കുറ്റിയാട്ടൂർ സ്വദേശിയായ പ്രജിത്തും ഭാര്യ റീഷയുമാണ് ദാരുണമായി വെന്തുമരിച്ചത്.



ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും തീ ആളുപ്പടർന്നതിനാൽ അതിന് സാധിച്ചില്ലെന്നും മരണവെപ്രാളത്തിൽ അവരുടെ നിലവിളി നിസ്സഹായരായി കണ്ടുനിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ആർക്കും അടുക്കാനാകാത്ത വിധത്തിലാണ് തീ ആളിപ്പടർന്നത്. നിമിഷ നേരത്തിനുള്ളിൽ തന്നെ കാറിന് ഉൾവശം പൂർണമായി കത്തിനശിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.



വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തീ കണ്ടതിനെ തുടർന്ന് വഴിമധ്യേ നിർത്തിയ കാർ റോഡിൽ നിന്നുകത്തുകയായിരുന്നു. മരിച്ച പ്രജിത്തും റീഷയും മുൻവശത്താണ് ഇരുന്നിരുന്നത്. ഇവർക്ക് പുറമേ റിഷയുടെ മാതാപിതാക്കളും ഒരുകുട്ടിയും ഉൾപ്പെടെ നാല് പേരും കാറിലുണ്ടായിരുന്നു. പിൻസീറ്റിലായിരുന്ന ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാറിനുള്ളിൽ കുടുങ്ങിയവരും രക്ഷപ്പെട്ട് പുറത്തിറങ്ങിയ ബന്ധുക്കളും നിലവിളിക്കുന്ന ദൃശ്യങ്ങളും നാട്ടുകാർ വെള്ളം ഒഴിച്ചും കല്ലെടുത്ത് കാറിന്റെ ചില്ല് പൊട്ടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളുമാണ് വീഡിയോയിലുള്ളത്.



കാറിന്റെ ഡാഷ്ബോർഡിന് മുൻവശത്തുനിന്നാണ് തീപടർന്നതെന്നാണ് വിവരം. പ്രജിത്താണ് വാഹനം ഓടിച്ചിരുന്നത്. തീ ഉയരുന്നത് കണ്ട് പ്രജിത്ത് തന്നെയാണ് പിന്നിലെ ഡോർ തുറന്നുകൊടുത്തത്. പിൻസീറ്റിലിരുന്ന നാലുപേരും ഉടൻ പുറത്തിറങ്ങി രക്ഷപ്പെട്ടു. എന്നാൽ മുൻവശത്തെ ഡോർ തുറക്കാൻ സാധിക്കാതിരുന്നതോടെ പ്രജിത്തും റിഷയും കാറിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഓടിക്കൂടിയവരെ കൈകാട്ടി വിളിച്ച് പ്രജിത്ത് സഹായം അഭ്യർഥിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ വാഹനത്തിന് സമീപത്തേക്ക് ആർക്കും അടുക്കാനായില്ല.



അപകടം നടന്നതിന് തൊട്ടുസമീപമാണ് ഫയർ സ്റ്റേഷൻ. ദൃക്സാക്ഷികളിൽ ഒരാൾ ഫയർ ഫോഴ്സ് ഓഫീസിലേക്ക് ഓടിയെത്തിയാണ് അപകട വിവരം അറിയിച്ചത്. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ ഫയർഫോഴ്സ് എത്തി തീയണച്ചു. എന്നാൽ തീ അതിവേഗത്തിൽ ആളിപ്പടർന്നതിനാൽ വാഹനത്തിൽനിന്ന് പുറത്തെടുക്കും മുമ്പേ തന്നെ പ്രജിത്തും റീഷയും മരിച്ചിരുന്നു.


ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുൻവശത്തെ ഡോറ് തുറക്കാൻ കഴിയാത്തതാണ് രണ്ടുപേർ വെന്തുമരിക്കാൻ കാരണമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം അറിയാൻ വിദഗ്ധ പരിശോധന ആവശ്യമുണ്ടെന്നും കമ്മീഷണർ പറഞ്ഞു.



Post a Comment

Previous Post Next Post