കോട്ടയത്ത് നിയന്ത്രണം വിട്ട സ്കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്

 


കോട്ടയത്ത് നിയന്ത്രണം നഷ്ടമായ സ്കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം. പാലാ ഉള്ളനാട് ഒറവന്‍ തറ തോമസിന്റെ മകന്‍ സ്റ്റെഫിന്‍ തോമസാ (28)ണ് മരിച്ചത്.

ഇയാള്‍ക്കൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത പാലാ പ്രവിത്താനം തെക്കേത്ത് ടിബിന്‍ ജോസിനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ പാല പ്രവിത്താനം - പയ്യപ്പാറ റോഡിലായിരുന്നു അപകടം. പ്രവിത്താനം ഭാഗത്ത് നിന്ന് പാലായിലേയ്ക്ക് വരികയായിരുന്നു യുവാക്കള്‍ സഞ്ചരിച്ച സ്കൂട്ടര്‍. പ്രവിത്താനം ഭാഗത്ത് വച്ച്‌ നിയന്ത്രണം നഷ്ടമായ സ്കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ച്‌ കയറി.

അപകടത്തെ തുടര്‍ന്ന് റോഡില്‍ വീണ് കിടന്ന യുവാക്കളെ പാലാ പൊലീസ് സംഘം എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്റ്റെഫിന്റെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ച സ്റ്റെഫിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പാലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ കെ.പി ടോംസണ്‍ അറിയിച്ചു

Post a Comment

Previous Post Next Post